കൊച്ചി: 50 വയസുകാരന്റെ വൃക്കയിൽ രൂപപ്പെട്ട നാലു കിലോഗ്രാം ഭാരമുള്ള വലിയ മുഴ (പോളിസിസ്റ്റിക് കിഡ്നി) വിജയകരമായി നീക്കം ചെയ്ത് കൊച്ചി വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ യൂറോളജി വിഭാഗം. കേരളത്തിലാദ്യമായാണ് ത്രീഡി ലാപ്രോസ്കോപിക് (കീഹോൾ) ശസ്ത്രക്രിയയിലൂടെ ഇത്തരമൊരു മുഴ നീക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
30 സെന്റിമീറ്റർ നീളത്തിലുള്ള പോളിസിസ്റ്റിക് കിഡ്നിയാണ് അതിസങ്കീർണവും അപൂർവവുമായ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായാണ് ഈ കീഹോൾ സർജറി നടത്തിയത്. സാധാരണ ഗതിയിൽ പോളിസിസ്റ്റിക് കിഡ്നിക്ക് ഓപ്പൺ സർജറിയാണ് നടത്താറുള്ളത്.
രോഗിയുടെ വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുംവിധം വലിപ്പത്തിലുള്ള മുഴകളാണ് കണ്ടെത്തിയതെന്നു സീനിയർ കൺസൾട്ടന്റും യൂറോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാന്റ് മേധാവിയുമായ ഡോ. ഡാറ്റ്സൺ പി. ജോർജ് പറഞ്ഞു. രോഗിയുടെ രണ്ടാമത്തെ വൃക്കയിൽ ഏകദേശം 28 സെന്റിമീറ്റർ വലിപ്പമുള്ള മറ്റൊരു പോളിസിസ്റ്റിക് കിഡ്നി അവശേഷിക്കുന്നുണ്ട്. രോഗി മറ്റൊരു ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ആരോഗ്യസ്ഥിതി കൈവരിക്കുന്ന ഘട്ടത്തിൽ ഇതു നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഗ്രിഗറി പത്രോസ്, ഡോ. എ.പി. കാർത്തി, ഡോ. ആദിൽ അബ്ദുള്ള, ഡോ. ജോയൽ, ഡോ. അരുൺ, ഡോ. സുഭാഷ്, ഡോ. മല്ലി ഏബ്രഹാം, ഡോ. ജയ സൂസൻ ജേക്കബ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.
അപൂർവവും സങ്കീർണവുമായ നിരവധി ശസ്ത്രക്രിയകളാണ് വിജയകരമായി ആശുപത്രി കൈകാര്യം ചെയ്തിട്ടുള്ളതെന്ന് വിപിഎസ് ലേക്ഷോര് മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു.
പോളിസിസ്റ്റിക് കിഡ്നി ഡിസീസ്
വൃക്കകളിൽ ദ്രാവകം നിറഞ്ഞ് മുഴകൾ രൂപപ്പെടുന്ന ഒരു രോഗമാണ് പോളിസിസ്റ്റിക് കിഡ്നി ഡിസീസ്. ഈ രോഗമുള്ളവർക്ക് ഇരുവൃക്കകളിലും ഇത്തരത്തിൽ കുമിളകൾ രൂപപ്പെട്ട് പ്രവർത്തനം തകരാറിലാവുന്ന സ്ഥിതിയിലെത്താറുണ്ട്. വാരിയെല്ല് മുതൽ ഇടുപ്പ് വരെ ബാധിച്ച കുമിളകൾ കാരണം രോഗി വലിയ പ്രയാസത്തിലായിരുന്നു.